പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്

പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്

Pr E. P. Samkutty
Pr E. P. Samkutty
Overseer, COG CWR
3 min read
പ്രതിസന്ധികളും കൊടുങ്കാറ്റുകളും ജീവിതത്തിൽ ഉണ്ടാകുമ്പോഴും, യേശുവിനെ ലക്ഷ്യമാക്കി നോക്കി തളരാതെ മുന്നോട്ട് പോകാൻ വിശ്വാസം നമ്മെ ക്ഷണിക്കുന്നു.

നമ്മുടെ ക്രിസ്തീയ ജീവിതയാത്ര എല്ലായ്പ്പോഴും സുഗമമായ ഒരു പാതയല്ല. വിശ്വാസത്തിന്റെ വഴിയിൽ അനുഗ്രഹങ്ങളും സന്തോഷങ്ങളും വിജയങ്ങളും ഉണ്ടാകുന്നതുപോലെ തന്നെ, പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും കണ്ണുനീരും നിരാശകളും ഉണ്ടാകാം. ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത സമയത്ത് പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ആഞ്ഞടിച്ചേക്കാം. വഴിയടഞ്ഞതുപോലെയും, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തതുപോലെയും, ദൈവം നിശ്ശബ്ദനായിരിക്കുന്നതുപോലെയും നമുക്ക് തോന്നാം.

ദൈവസാന്നിധ്യം കൊടുങ്കാറ്റിലും

എന്നാൽ പ്രതിസന്ധികൾ നമ്മുടെ യാത്രയുടെ അവസാനമല്ല മറിച്ച് ദൈവത്തിൽ കൂടുതൽ ആഴത്തിൽ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളാണ്.

നമ്മുടെ ജീവിതത്തിലും ചില കൊടുങ്കാറ്റുകൾ അപ്രതീക്ഷിതമായി വരാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബപ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ശുശ്രൂഷയിലെ വെല്ലുവിളികൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഇവയെല്ലാം നമ്മുടെ വിശ്വാസത്തെ പരീക്ഷിച്ചേക്കാം. എന്നാൽ കൊടുങ്കാറ്റിന്റെ ശക്തിയേക്കാൾ പ്രധാനപ്പെട്ടത് നമ്മോടുകൂടെയുള്ള ദൈവത്തിൻ്റെ സാന്നിധ്യമാണ്. കൊടുങ്കാറ്റ് വന്നതുകൊണ്ട് ദൈവം നമ്മെ ഉപേക്ഷിച്ചു എന്നല്ല. കൊടുങ്കാറ്റിലും കൂടെയുള്ള ദൈവത്തിൻറെ സാന്നിധ്യത്തെ കുറിച്ചുള്ള വലിയ ഒരു തിരിച്ചറിവാണ് നമുക്ക് ആ അനുഭവത്തിൽ നിന്ന് ലഭിക്കുന്നത്.

യേശുവിനെ നോക്കി മുന്നോട്ട്

പ്രതിസന്ധികൾ വരുമ്പോൾ സ്വാഭാവികമായി നമുക്ക് പിന്നോട്ടു പോകാൻ തോന്നും. ചിലർ പ്രാർത്ഥന ഉപേക്ഷിക്കുന്നു, ചിലർ സഭയോടും ദൈവജനത്തോടുമുള്ള ബന്ധം നഷ്ടപ്പെടുത്തുന്നു, ചിലർ, “ഇനി എനിക്ക് കഴിയില്ല” എന്ന് ചിന്തിക്കുന്നു. എന്നാൽ ദൈവവചനം നമ്മെ മുൻപോട്ടു പോകുവാൻ ശക്തമായി ആഹ്വാനം ചെയ്യുന്നു.

“നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കിക്കൊണ്ടു ഓടുക.” എബ്രായർ 12:1–2

യേശുവിനെ നോക്കിക്കൊണ്ട് നമ്മുടെ ഓട്ടം ശ്രദ്ധയോടുകൂടെ ഓടുവാൻ ദൈവവചനം നമ്മെ ആഹ്വാനം ചെയ്യുന്നു.

നമ്മുടെ കണ്ണുകൾ പ്രശ്നങ്ങളിലായിരിക്കുമ്പോൾ ഭയം വർധിക്കും. എന്നാൽ നമ്മുടെ കണ്ണുകൾ യേശുവിൽ ഉറപ്പിക്കുമ്പോൾ നമ്മുടെ പ്രത്യാശ വർദ്ധിക്കും.

നമ്മുടെ പ്രശ്നം എത്ര വലുതാണെന്നതിലല്ല മറിച്ച് നമ്മുടെ ദൈവം എത്ര വലിയവനാണ് എന്നതിൽ ആയിരിക്കണം നമ്മുടെ ശ്രദ്ധ.

ലക്ഷ്യത്തിൽ ഉറച്ച കണ്ണുകൾ

അപ്പോസ്തലനായ പൗലോസിന്റെ ജീവിതം നാം പഠിക്കുമ്പോൾ ക്രിസ്തീയ യാത്രയിൽ പ്രതികൂലങ്ങൾ ഉണ്ടാകും എന്നത് വളരെ വ്യക്തമാണ്. അനേക ഉപദ്രവങ്ങളും, വിശപ്പും, ദാഹവും, അപമാനവും, പലവിധ അപകടങ്ങളും, തടവും, കപ്പൽച്ചേതവും താൻ നേരിട്ടു എന്നിട്ടും താൻ പറയുകയാണ്:

“പിന്നിലുള്ളത് മറന്നും മുമ്പിലുള്ളതിലേക്ക് ആഞ്ഞുംകൊണ്ട്, ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ സമ്മാനം നേടുവാൻ ലക്ഷ്യത്തിലേക്ക് ഓടുന്നു.” ഫിലിപ്പിയർ 3:13–14

പൗലോസിന്റെ കണ്ണുകൾ കഴിഞ്ഞ പരാജയങ്ങളിലും വേദനകളിലും ആയിരുന്നില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ ലക്ഷ്യത്തിലായിരുന്നു.

നമ്മുടെ ജീവിതത്തിലും കഴിഞ്ഞകാലത്തിലെ പരാജയങ്ങൾ നമ്മെ ബന്ധിച്ചിടാൻ അനുവദിക്കരുത്. നമ്മെ വേദനിപ്പിച്ച അനുഭവങ്ങൾ നമ്മുടെ ഭാവിയെ നിർണയിക്കരുത്. ദൈവം നമ്മെ വിളിച്ചിരിക്കുന്ന ലക്ഷ്യത്തിലേക്ക് നാം മുന്നോട്ട് പോകണം. യേശുവിനെ നോക്കി നാം മുമ്പോട്ട് യാത്ര ചെയ്യുമ്പോൾ നമ്മുടെ മുമ്പോട്ടുള്ള വഴികൾക്ക് വളരെ വ്യക്തത ലഭിക്കും.

പത്രോസ് വെള്ളത്തിന്മേൽ നടന്ന സംഭവം അതിന്റെ മനോഹരമായ ഒരു ഉദാഹരണമാണ്. യേശുവിനെ നോക്കിയപ്പോൾ പത്രോസ് വെള്ളത്തിന്മേൽ നടന്നു. എന്നാൽ കാറ്റിനെയും തിരമാലകളെയും നോക്കിയപ്പോൾ അവൻ മുങ്ങിത്തുടങ്ങി.

ഈ അനുഭവം നമുക്ക് തരുന്ന വലിയൊരു പാഠമുണ്ട് നാം യേശുവിനെ നോക്കി സഞ്ചരിക്കുമ്പോൾ നമ്മുടെ വിശ്വാസം വർധിക്കുവാൻ ഇടയാകും. അതേസമയം പ്രശ്നങ്ങളെ നോക്കുകയാണെങ്കിൽ നമ്മുടെ ഉള്ളിൽ ഭയം വളരുവാനും നമ്മൾ എത്തേണ്ടത് എത്താതിരിക്കുന്നതിനും അത് കാരണമാകും.

പ്രതിസന്ധികൾ എല്ലാം മാറിയിട്ട് നമുക്ക് മുമ്പോട്ട് പോകാൻ കഴിയണമെന്നില്ല, ചില സാഹചര്യങ്ങളിൽ നാം പ്രതിസന്ധികളിലൂടെ നടുവിലൂടെയാണ് മുമ്പോട്ട് പോകുന്നത്.

ഉറപ്പോടെ മുന്നോട്ട് പോകാം

വിശ്വാസം എന്നത് പ്രശ്നങ്ങളില്ലാത്ത/ പ്രതിസന്ധികളില്ലാത്ത ജീവിതമല്ല. വിശ്വാസം എന്നത് പ്രശ്നങ്ങൾക്കിടയിലും/ പ്രതിസന്ധികൾക്കിടയിലും ദൈവം നമ്മോടുകൂടെയുണ്ടെന്ന് ഉറപ്പോടെ മുന്നോട്ട് പോകുന്നതാണ്.

ക്രിസ്തീയ ജീവിതം ഒരു ചെറിയ ദൂരയാത്രയല്ല അത് ഒരു ദീർഘമായ വിശ്വാസയാത്രയാണ്. യേശുവിനെ നോക്കിക്കൊണ്ട് മുന്നേറുന്ന ഒരാൾക്ക് ആ യാത്രയിലെ ഓരോ പ്രതിസന്ധിയും ഒരു പുതിയ ആത്മീയ അനുഭവമായി മാറും, ഓരോ കണ്ണുനീരും ഒരു സാക്ഷ്യത്തിന്റെ വിത്തായി മാറും. ഓരോ പരാജയവും ദൈവകൃപയെ കൂടുതൽ അനുഭവിക്കാനുള്ള അവസരമായി മാറും.

ഇന്ന് നിങ്ങൾ ഏതെങ്കിലും പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെങ്കിൽ തളരരുത്. കൊടുങ്കാറ്റ് ശക്തമായിരിക്കാം, വഴി ദുഷ്കരമായിരിക്കാം, ഉത്തരം വൈകിയേക്കാം, എന്നാൽ ദൈവം നിങ്ങളോട് കൂടെയുണ്ട്. അതുകൊണ്ട്, പിന്നോട്ടു നോക്കി നിൽക്കാതെ, ഭയത്തെ നോക്കി നിൽക്കാതെ, പ്രശ്നങ്ങളെ മാത്രം നോക്കി നിൽക്കാതെ യേശുവിനെ ലക്ഷ്യമാക്കി മുന്നോട്ട് പോകാം.

പ്രതിസന്ധികൾ നമ്മെ തളർത്താനല്ല, നമ്മെ ശക്തരാക്കാനാണ് ദൈവം ഉപയോഗിക്കുന്നത്.

കൊടുങ്കാറ്റുകൾ നമ്മെ തടയുന്നില്ല, ലക്ഷ്യത്തിലേക്ക് കൂടുതൽ ഉറപ്പോടെ മുന്നേറുവാൻ നമ്മളെ പ്രാപ്തരാക്കുന്നു. അതുകൊണ്ട് തളരാതെ യേശുവിനെ നോക്കി മുമ്പോട്ട് പോകാൻ കർത്താവ് നമുക്ക് കൃപ നൽകട്ടെ.

വിശ്വാസം എന്നത് പ്രശ്നങ്ങളില്ലാത്ത/ പ്രതിസന്ധികളില്ലാത്ത ജീവിതമല്ല. വിശ്വാസം എന്നത് പ്രശ്നങ്ങൾക്കിടയിലും/ പ്രതിസന്ധികൾക്കിടയിലും ദൈവം നമ്മോടുകൂടെയുണ്ടെന്ന് ഉറപ്പോടെ മുന്നോട്ട് പോകുന്നതാണ്.

Pr E. P. Samkutty