സമാധാനം
സെപ്റ്റംബർ 21-ന് അന്താരാഷ്ട്രതലത്തിൽ പ്രധാനമായും രണ്ട് പ്രത്യേകതകളാണുള്ളത്. അതിൽ ഒരു പ്രത്യേകതയാണ് അന്താരാഷ്ട്ര സമാധാന ദിനം (International Day of Peace): ലോകമെമ്പാടും സമാധാനം നിലനിർത്തുന്നതിനും അക്രമങ്ങൾ ഇല്ലാതാക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ (UN) ആചരിക്കുന്ന ദിനമാണിത്. യുദ്ധങ്ങളും സംഘർഷങ്ങളും ഒഴിവാക്കി എല്ലാവരും സമാധാനത്തോടെ കഴിയുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. എന്നാൽ ബൈബിൾ അനുസരിച്ച് നാം ചിന്തിക്കുമ്പോൾ എന്താണ് യഥാർത്ഥ സമാധാനം?
സമാധാനം എന്ന വാക്കിന്റെ അർത്ഥം തകർന്നതിനെ ചേർത്ത് കെട്ടുക എന്നാണ്.
സമാധാനത്തെ കുറിച്ച് പുതിയ നിയമം 3 രീതിയിൽ പറയുന്നു.
A. ക്രിസ്തുവിലൂടെ ദൈവത്തോടുള്ള സമാധാനം സ്ഥാപിക്കുന്നു എന്ന ലക്ഷ്യാധിഷ്ഠിതമായി (കൊലൊ 1:20).
B. ദൈവവുമായി നമുക്കുള്ള നിരപ്പ് സംബന്ധിച്ച് വിഷയാധിഷ്ഠിതമായി (യോഹ 14:27,16:33, ഫിലി 4:7).
C. വിശ്വസിക്കുന്ന യഹൂദനെയും ജാതികളെയും ക്രിസ്തുവിലൂടെ ദൈവം ഒരു ശരീരമായി ഐക്യതപ്പെടുത്തിയിരിക്കുന്നു എന്ന രീതിയിൽ (എഫെ 2:14-17, കൊലൊ 3:15).
മൂല ഭാഷയിലെ അർത്ഥങ്ങൾ
എബ്രായ ഭാഷയിൽ ഇതിന് ഷാലോം (Shalom) എന്ന പദമാണ് കൊടുത്തിരിക്കുന്നത്. അത് ഏകദേശം 238 പ്രാവശ്യം പഴയ നിയമത്തിൽ കാണുവാൻ കഴിയുന്നു (ഉൽപ്പ 15:15- മലാ 2:6). കൂടാതെ ഇതിന് മറ്റ് പല ഹീബ്രു പദങ്ങളും ഉണ്ട്. ശാലോം (שָׁלוֹם šālōm; ശോലോം, ശോലേം, ശോലോയീം, ശുലെം എന്നും ഉച്ചരിക്കപ്പെടുന്നു). സമാധാനം, ഐക്യം, സമ്പൂർണ്ണത, പരിപൂർണ്ണത, സമൃദ്ധി, ക്ഷേമം, എന്നീ അർത്ഥങ്ങളും ഈ പദപ്രയോഗത്തിനുണ്ട്.
ഗ്രീക്ക് ഭാഷയിൽ ഇതിന് ഐറീൻ (εἰρήνην, eirēnē) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മത്തായി 10:34, യോഹ 16:33 (സമാധാനം, മനസ്സമാധാനം). മത്താ 5:9 ഐറീനോ പോയോയി (eirēnopoioi) സമാധാനം ഉണ്ടാക്കുന്നവർ. ഇത്രയും ആഴത്തിൽ കിടക്കുന്ന വളരെ വിശാലമായ ഒരു പദമാണ് സമാധാനം.
പഴയ നിയമവും, പുതിയ നിയമവും അനുസരിച്ച്: സമാധാനം എന്ന പദത്തിന്റെ അർത്ഥം
ശാലോം: യഹൂദന്മാർ തമ്മിൽ കാണുമ്പോൾ പറയുന്നത്. ഭൗതിക വസ്തുക്കളുടെ സമൃദ്ധി ഹേതുവായി ഉപയോഗിക്കുന്ന പദം അഥവാ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത അനുഭവം.
ഐറീൻ: പ്രശ്നകലുഷിതമായ സാഹചര്യത്തിലും പതറാത്ത മാനസികാവസ്ഥ അഥവാ ബുദ്ധിമുട്ടും പ്രയാസവും വരും അവസ്ഥ. യേശു തരുന്ന സമാധാനമാണ് ഇത്.
യോഹ 16:33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
സമാധാനം എന്നത് ക്ഷേമത്തിന്റെയും പൂർണ്ണതയുടെയും ഒരു പ്രഖ്യാപനമാണ്. “നിങ്ങൾക്കു സമാധാനം” എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ ഇന്നും കേൾക്കേണ്ടതുണ്ട്. “നിങ്ങൾക്ക് സമാധാനം” എന്ന വാക്കുകളുടെ അർത്ഥമെന്താണ്. നിങ്ങളുടെ ഭൂതകാലവുമായി നിങ്ങൾക്ക് സമാധാനമായിരിക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം. നിങ്ങളുടെ ഭൂതകാലത്തെ മറികടക്കാൻ യേശുക്രിസ്തുവിന് സഹായിക്കാനാകും.
സമാധാനം വിവിധ നിലകളിൽ
- യേശുക്രിസ്തു സമാധാന പ്രഭു. (യെശ 9:6)
ഈ പ്രവചനത്തിൽ രണ്ട് കാര്യങ്ങൾ നിറവേറി. മൂന്നാമത്തേത് ആയിരമാണ്ടിൽ നിറവേറുന്ന വിഷയമാണ്. അവിടെയാണ് ഈ വിഷയം പറയുന്നത്. സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും. എന്നാൽ ഈ വാക്യം അനുസരിച്ച് ഇതുവരെയും വിളിക്കപ്പെട്ടിട്ടില്ല. കാരണം വിളിക്കപ്പെടും എന്ന ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തു രാജത്വം ഏറ്റെടുത്ത് കഴിയുമ്പോഴാണ് വിളിക്കപ്പെടുന്നത് (വെളി 11:15). എന്നാൽ യേശുക്രിസ്തു ഇപ്പോഴും സമാധാന പ്രഭു ആയിരിക്കാനുള്ള ചില കാരണങ്ങൾ.
A. യേശു ദൈവത്തോടു കൂടെ സമാധാനം പ്രദാനം ചെയ്യുന്നു. (റോമ 5:1)
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. ഗ്രീക്ക് പദമായ oun therefore. അതുകൊണ്ട് എന്ന പദം മലയാളത്തിൽ കാണുന്നില്ല. ഇത് സൂചിപ്പിക്കുന്നത്:
A. ഇതുവരെ പറഞ്ഞ ദൈവശാസ്ത്ര വാദഗതികളുടെ സംഗ്രഹമാണിത്.
B. ഈ ദൈവശാസ്ത്ര അവതരണത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനമാണിത്.
C. പുതിയ സത്യത്തിന്റെ അവതരണമാണിത് (5:1,8:1,12:1).
നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. നമുക്ക്: echomen (we have-) Gk. eirēnē (93 hits).
യേശുവാണ് ദൈവവുമായി സമാധാനം കൊണ്ടുവരുന്ന മധ്യവർത്തി (2,9,11,17,21). ദൈവവുമായി സമാധാനത്തിനുള്ള ഏക വഴി യേശുക്രിസ്തുവാണ് (യോഹ 10:7-8,14:6, അപ്ര 4:12, 1 തിമൊ 2:5).
(വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവരായ നാം ആസ്വദിക്കുന്ന ആദ്യത്തെ വലിയ അനുഗ്രഹം നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം ദൈവത്തോടുള്ള സമാധാനമാണ്).
B. ദൈവം പരിതഃസ്ഥിതികളിൽ സമാധാനം പ്രദാനം ചെയ്യുന്നു (ഫിലി 4:7).
Gk. eirēnē tou Theou. ഇത് ദൈവത്തിന്റെ സ്വഭാവമാണ്.
എന്താണ് ദൈവ സമാധാനം?
- സുരക്ഷിതത്വം (Security). (യിരെ 29:7)
അതിന്ന് നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. for in the peace thereof shall ye have peace. അതിന്റെ സമാധാനത്തിൽ നിങ്ങൾക്കും സമാധാനം ഉണ്ടാകുമല്ലോ (ഇതാണ് യഥാർത്ഥ തർജ്ജമ). 29:11 അവർ തിന്മെക്കല്ല നന്മെക്കുള്ള നിരൂപണങ്ങൾ എന്ന യഹോവയുടെ അരുളപ്പാട്. thoughts of peace, and not of evil, നിങ്ങളുടെ ഭാവി ശുഭകരമാക്കേണ്ടതിന്നു ഞാൻ നിങ്ങളെക്കുറിച്ചു വിചാരിക്കുന്ന വിചാരങ്ങൾ തിന്മയ്ക്കല്ല, സമാധാനത്തിന്നുള്ള വിചാരങ്ങളത്രേ എന്നു യഹോവയുടെ അരുളപ്പാടു.” (യഥാർത്ഥ തർജ്ജമ).
-
പരിപൂർണ്ണത (completeness). ഉൽപ്പ 15:15, യിരെ 4:18, സങ്കീ 34:14.
-
കൂട്ടായ്മ (Fellowship) മത്താ 10:13, അപ്ര 10:36, 1 കൊരി 1:3
ഒരു വ്യക്തിയുടെ യഥാർത്ഥമായ ഹൃദയ സമാധാനം ദൈവീക സാന്നിധ്യത്തിലും വാഗ്ദത്തങ്ങളിലും ആശ്രയിച്ചിരിക്കും. ദൈവ സമാധാനം ഹൃദയത്തെയും വിചാരത്തെയും നിയന്ത്രിക്കുന്നു. മനസ്സിന്റെ സമാധാനം ദൈവത്തിൽ നിന്നും മനുഷ്യഹൃദയങ്ങളിലേക്ക് വരുന്നു (റോമ 14:17,15:13, കൊലൊ 3:15). സാത്താന്യ ചിന്തകളാലും പരീക്ഷണങ്ങളാലും മനുഷ്യഹൃദയം വശീകരിക്കപ്പെടാതിരിക്കുവാനുള്ള ഒരു കവചമാണ് ദൈവിക സമാധാനം. അപ്പോസ്തലന്റെ കാലത്ത് ഫിലിപ്പി നഗരം റോമൻ പടയാളികളാൽ ചുറ്റപ്പെട്ട് കാവൽ ചെയ്യപ്പെട്ടിരുന്നു. എല്ലാവിധ ബന്ധനങ്ങളിൽ നിന്നും വിശുദ്ധന്മാരെ സംരക്ഷണ ചെയ്യുന്നതാണ് ദൈവ സമാധാനം.
C. യേശു കുടുംബത്തിൽ/സഭയിൽ സമാധാനം പ്രദാനം ചെയ്യുന്നു (റോമ 14:19).
D. ക്രിസ്തു നമ്മുടെ ഹൃദയങ്ങളെ ഭരിക്കുന്ന സമാധാനം പ്രദാനം ചെയ്യുന്നു (കൊലൊ 3:15).
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ.
സമാധാനം ഒരു ‘അമ്പയർ’ (Umpire) ആയി പ്രവർത്തിക്കുന്നു
ഗ്രീക്ക് മൂലഭാഷയിൽ ‘വാഴട്ടെ’ (Rule/Arbitrate) എന്നതിന് ഉപയോഗിച്ചിരിക്കുന്ന വാക്ക് ഒരു കായിക മത്സരത്തിലെ ‘അമ്പയർ’ അല്ലെങ്കിൽ ‘റഫറി’ നടത്തുന്ന തീരുമാനത്തെ സൂചിപ്പിക്കുന്നു.
നമ്മുടെ ഉള്ളിൽ പല ചിന്തകളും ആഗ്രഹങ്ങളും തമ്മിൽ പോരാട്ടം നടക്കുമ്പോൾ, ഏതാണ് ദൈവഹിതം എന്ന് തീരുമാനിക്കാൻ ക്രിസ്തുവിന്റെ സമാധാനത്തെ ഒരു അളവുകോലായി ഉപയോഗിക്കണം.
ഹൃദയങ്ങളിലെ അധികാരം
നമ്മുടെ വികാരങ്ങളോ സാഹചര്യങ്ങളോ അല്ല നമ്മുടെ ഹൃദയത്തെ നിയന്ത്രിക്കേണ്ടത്, മറിച്ച് ക്രിസ്തു നൽകുന്ന സമാധാനമാണ്. ഈ സമാധാനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ.
E. യേശു നിത്യമായ സമാധാനം പ്രദാനം ചെയ്യുന്നു (യെശ 26:3)
പൂർണ്ണസമാധാനം (Perfect Peace): എബ്രായ മൂലഭാഷയിൽ ഇതിനെ “Shalom, Shalom” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഇരട്ടി സമാധാനം അല്ലെങ്കിൽ തികഞ്ഞ സമാധാനം.
ഇത് സാഹചര്യങ്ങൾ മാറുമ്പോൾ മാറിപ്പോകുന്ന സമാധാനമല്ല. ഇത് ലോകത്തിന് തകർക്കാൻ കഴിയാത്ത ആന്തരിക ശാന്തിയാണ്.
- സമാധാനത്തിന്റെ ദൂതവാഹികൾ യെശ 52:7 സമാധാനത്തെ ഘോഷിച്ച് നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
അസമാധാനം നിറഞ്ഞ ലോകത്തിൽ സ്വസ്ഥതയ്ക്കു വേണ്ടി സമാധാനദായകനായ യേശുവിനെ ലോകം മുഴുവൻ ഘോഷിക്കേണ്ടത് അനിവാര്യം (എഫെ 2:14, റോമ 5:1, 2 തെസ്സ 3:16). ദൈവപ്രസാദമുള്ള മനുഷ്യർക്കും, ശിഷ്യർക്കും എല്ലാവർക്കും നാഥൻ സമാധാനം നൽകുന്നു (ലൂക്കോ 2:14,24:36, യോഹ 14:27,16:33,20:19,21,26, കൊലൊ 1:20, അപ്ര 10:36).
യെശയാവിന്റെ പ്രവചന വാക്കുകളാണ് ഇത്. പർവ്വതങ്ങളിൽ സുവാർത്ത അറിയിക്കുന്നവന്റെയും, സമാധാനം പ്രസിദ്ധമാക്കുന്നവന്റെയും കാൽ എത്ര മനോഹരം ആകുന്നു എന്നാണ് ഇവിടെ പറയുന്നത്. ദൈവിക സമാധാനം ആർക്കാണ് വാഗ്ദാനം ചെയ്യുന്നത്? യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇത് വാഗ്ദാനം ചെയ്യുന്നു. യഹോവയുടെ ഏറ്റവും വലിയ സമാധാന ദൂതൻ ആരാണ്? യോഹ 16:33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു, (യേശുക്രിസ്തു ഏറ്റവും വലിയ സമാധാന സന്ദേശ വാഹകനാണ്). യോഹ 14:27ൽ യേശു പറഞ്ഞു, സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. അതുകൊണ്ട് സുവിശേഷ വാഹകരായ നാം ചെയ്യേണ്ടത്, സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്ന് ചെരിപ്പാക്കിയും (എഫെ 6:15) കൊണ്ട് സമാധാന പ്രഭുവായ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി, അവരെ ദൈവിക സമാധാനത്തിലേക്ക് നയിക്കുക.
- അപ്പോസ്തലന്മാരുടെ പഠിപ്പിക്കലുകളിൽ സമാധാനം പൗലോസ്
റോമ 1:4, എഫെ 6:14,5 പൗലോസിന്റെ പഠിപ്പിക്കലുകളിൽ സമാധാനം എന്നു പറയുന്നത്, പ്രശ്നകലുഷിതമായ സാഹചര്യത്തിലും പതറാത്ത മാനസികാവസ്ഥ. പടയാളി തന്റെ കാലിന് സമാധാന സുവിശേഷത്തിന് ആയുള്ള ഒരുക്കം ചെരുപ്പ് ആക്കേണ്ടതാണ്. ഇത് സൂചിപ്പിക്കുന്നത് സമാധാനത്തിന്റെ സുവിശേഷമുള്ളവരായിപ്പോകുവാൻ എപ്പോഴും ഒരുക്കമുള്ളവർ ആയിരിക്കണം എന്നും, ശത്രുവിന്റെ പാളയത്തിലേക്ക് മുന്നേറുവാൻ എപ്പോഴും തയാറായിരിക്കണം എന്നുമാണ്. നമ്മുടെ സുരക്ഷ എന്നത് സമാധാനത്തെ ഘോഷിച്ച്, നന്മയെ സുവിശേഷിച്ച്, രക്ഷയെ പ്രസിദ്ധമാക്കുന്ന സുവാർത്ത ദൂതന്റെ പർവ്വതങ്ങളിൽ മേലുള്ള മനോഹരമായ കാലിനെ പിൻപറ്റുമ്പോഴാണ് നാം കാണുന്നത് (യെശ 52:7, റോമ 10:15).
പത്രോസ്
1 പത്രോസ് 3:11, 2 പത്രോസ് 1:2.
തിന്മയ്ക്കു പകരം നന്മ ചെയ്കയും സൗമ്യതയോടെ സഹിച്ചുകൊണ്ട് സമാധാനം സൃഷ്ടിക്കുകയും ചെയ്കയാണ് വിശ്വാസിയുടെ ധർമ്മം. നമുക്ക് സമാധാനം വർധിക്കുന്നത് എങ്ങനെയാണ്? ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ.
യാക്കോബ്
3:17,18
സമാധാനപ്രിയനായ ജ്ഞാനിയാണ് ഇവിടുത്തെ കൃഷിക്കാരൻ. കാലാവസ്ഥ - സമാധാനം - വിളവെടുപ്പ് - നീതിയുടെ ഫലവും. നീതിയുടെ ഫലമായ വിളവെടുക്കുകയാണ് ഇവിടുത്തെ കൃഷിക്കാരന്റെ ലക്ഷ്യം. വിത സമാധാനപരമായ അന്തരീക്ഷത്തിൽ ആയിരിക്കണം. സമാധാനം പ്രാപിച്ച ഹൃദയമുള്ളവരായിരിക്കണം വിതയ്ക്കേണ്ടത്. അങ്ങനെയെങ്കിൽ നീതിയെന്ന ആ ഫലം തങ്ങളുടെയും തങ്ങൾ ആർക്കു ശുശ്രൂഷ ചെയ്യുന്നുവോ അവരുടെയും ജീവിതത്തിൽ വിളങ്ങി ശോഭിക്കും.
- സഭയും, സമാധാനവും സമൂഹത്തിൽ (എഫെ 2:14-16) അവൻ നമ്മുടെ സമാധാനം; എന്നാൽ ഒരാൾക്ക് എങ്ങനെ സമാധാനമായിരിക്കാൻ കഴിയും. ഒരു യഹൂദൻ യേശുവിൽ വിശ്വസിക്കുമ്പോൾ ജാതീയമായ വേർതിരിവില്ലാതെ ക്രിസ്തുവിൽ ആയിത്തീരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശ്വസിക്കുന്ന യഹൂദനും, ജാതിയും മുൻപ് ശത്രുക്കളും ഭിന്നിക്കപ്പെട്ടവരുമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു കൂട്ടരും ക്രിസ്തുവിൽ ഒന്നായി തീർന്നിരിക്കുന്നു. ക്രിസ്തുവിൽ ആയി തീർന്നപ്പോൾ സ്വാഭാവികമായി അവർ അന്യോന്യം ഒന്നിക്കപ്പെട്ടു. ആകയാൽ മീഖാ പ്രവചിച്ചതുപോലെ ഒരു മനുഷ്യൻ സമാധാനമായി തീർന്നു (5:5). ക്രിസ്തുവിന്റെ പ്രവർത്തികൾ നമുക്ക് സമാധാനമായി തീർന്നത് 14 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ കാണുന്നു.
A. ക്രിസ്തുവിന്റെ വേലയുടെ ഒന്നാമത്തെ വശം ഒന്നിപ്പിക്കുന്ന പ്രവർത്തനം.
അവർ ഇനി യഹൂദന്മാരോ, ജാതികളോ അല്ല. പിന്നെയോ ക്രിസ്ത്യാനികളാണ്. ക്രിസ്തുവിനെ അറിഞ്ഞവരാണ്.
B. ക്രിസ്തുവിന്റെ വേലയുടെ രണ്ടാമത്തെ വശം തകർക്കുക എന്നുള്ളതാണ്.
ആചാരികമായ മതിൽ അല്ല. പിന്നെയോ മോശൈക പ്രമാണങ്ങൾ, കൽപ്പനകൾ, നിയമങ്ങൾ, എന്നിവയാൽ ഇസ്രായേൽ ജനവും ഇതര ജാതികളും തമ്മിൽ വേർതിരിക്കപ്പെട്ട സാങ്കൽപിക ചുമര്. അതാണ് തകർക്കപ്പെട്ടത്.
C. ക്രിസ്തുവിന്റെ വേലയുടെ മൂന്നാമത്തെ വശം യഹൂദനും, ജാതിയും- മനുഷ്യനും, ദൈവവും തമ്മിലുണ്ടായിരുന്ന ശത്രുത നീക്കി കളഞ്ഞു എന്നുള്ളതാണ് (15,16).
മനപ്പൂർവ്വം അല്ലെങ്കിലും ന്യായപ്രമാണമാണ് ഈ ശത്രുതയ്ക്ക് മുഖാന്തരമായി തീർന്നത്. ന്യായപ്രമാണം എന്നുദ്ദേശിക്കുന്നത് ചട്ടങ്ങളും, കൽപ്പനകളും ആജ്ഞകളും ഒക്കെയാണ്. ഈ ശത്രുതയ്ക്ക് കാരണമായ ന്യായപ്രമാണം നീക്കിക്കളയാൻ ക്രിസ്തു എന്താണ് ചെയ്തത്? നിയമലംഘനത്തിൽ നിശ്ചയിക്കപ്പെട്ടിരുന്ന ശിക്ഷ സ്വന്തം മരണത്താൽ ഏറ്റെടുത്തു പരിഹാരം വരുത്തി. അതിലൂടെ ദൈവത്തിന്റെ നീതി വ്യവസ്ഥ തൃപ്തികരമായി നിറവേറ്റി.
ന്യായപ്രമാണത്തിൽ ഉളവായ ശത്രുത നീക്കിയതോടെ ഒരു പുതിയ സൃഷ്ടി നടത്തുകയാണ് കർത്താവ് ചെയ്തത്. അവൻ അവനിൽ വിശ്വസിക്കുന്ന യഹൂദന്മാരെയും ജാതികളെയും ചേർത്ത് ഒരു പുതിയ മനുഷ്യൻ- എന്നു പറഞ്ഞാൽ സഭ ഉളവാക്കി. റോമർ 9:22-24.
എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യഹൂദന്മാരിൽ നിന്നു മാത്രമല്ല, ജാതികളിൽ നിന്നും വിളിച്ച് തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ, തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും (യഹൂദനിൽ നിന്നും, ജാതിയിൽ നിന്നും വിളിച്ച് വേർതിരിക്കപ്പെട്ട കൂട്ടമാണ് സഭ.).
സഭ വ്യക്തമായും ഒരു പുതിയ സൃഷ്ടിയാണ്. ദൈവിക കാര്യപരിപാടിയിൽ നിസ്തുല്യമായ നിലയിലേക്ക് പ്രത്യേക ഉദ്ദേശത്തോടെ വിളിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് സഭയുടെ ഉത്തരവാദിത്വം എന്ന് പറയുന്നത് സമൂഹത്തിൽ സമാധാനം വർഷിപ്പിക്കുക എന്നുള്ളതാണ്.
ഇന്ന് എല്ലാ മേഖലകളിലും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ സമയങ്ങളിൽ ഒരു ചോദ്യം മനസ്സിൽ തട്ടി നിൽക്കുന്നു. നമുക്ക് യഥാർത്ഥ സമാധാനം ഉണ്ടോ? യഥാർത്ഥ സമാധാനം ക്രിസ്തുവാണ്. ആ സമാധാനപ്രിയനായ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ആകയാൽ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്ക് സമാധാനവും വിശ്വാസത്തോടു കൂടിയ സ്നേഹവും ഉണ്ടാകട്ടെ (എഫെ 6:23).