മുംബൈ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് സംഘടിപ്പിച്ചു.
മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ മുംബൈയിലുള്ള നാലു ഡിസ്ട്രിക്കുകളിലെ ദൈവദാസന്മാരും കുടുംബാംഗങ്ങളും പങ്കെടുത്ത സംയുക്ത ഫാമിലി സെമിനാർ ഒക്ടോബർ 6-ന് ചർച്ച് ഓഫ് ഗോഡ് മഹനീയം ആശ്രമം ക്യാമ്പസിൽ നടന്നു.
പാസ്റ്റർ ജോൺസൺ തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ മാത്യു സാമുവേൽ സങ്കീർത്തന വായന നടത്തി. ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ എം. പി. ഗൗതം, എജ്യുക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിനോയ് സി. മാത്യു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ഷിബു മാത്യു, ജിക്സൺ ജെയിംസ്, എം.ബി.സി. വിദ്യാർഥികൾ എന്നിവർ വിവിധ സെഷനുകളിൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി, ഉല്പത്തി 39:2–4 വാക്യങ്ങളെ ആസ്പദമാക്കി ദൈവസാന്നിധ്യം നമ്മോടുകൂടെയുണ്ടെങ്കിൽ വിജയകരമായി മുന്നേറാനും നമ്മുടെ പ്രവർത്തനങ്ങൾ സഫലമാകാനും കഴിയുമെന്ന് ഉദ്ബോധിപ്പിച്ചു. ക്യാമ്പസ് ഹാളിന്റെ നവീകരണത്തിന് സഹകരിച്ച എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. തുടർന്ന്, ഹാൾ ദൈവനാമത്തിന്റെ മഹത്വത്തിനായി സമർപ്പിച്ച് പ്രാർത്ഥിച്ചു.
മുഖ്യാതിഥിയായ പാസ്റ്റർ വി. ജെ. തോമസ്, ദൈവദാസന്മാർ തങ്ങളുടെ ക്രിസ്തീയ സാക്ഷ്യം എല്ലായ്പ്പോഴും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കാലേബ്, യോശുവ, യിരെമ്യാവ്, നെഹെമ്യാവ്, ദാവീദ്, പൗലോസ് എന്നിവരുടെ ജീവിതങ്ങളിൽനിന്നും യേശുക്രിസ്തുവിന്റെ മാതൃകയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും സാക്ഷ്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
സിസ്റ്റർ മിനി ബാബു, പാസ്റ്റർമാരായ എബ്രഹാം ബാഗ്, തോമസ് മാത്യു, ഷിൻജു തോമസ്, ബിജു എം. ജി. എന്നിവർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥിച്ചു. പാസ്റ്റർ ബിജു തങ്കച്ചൻ, കൗൺസിൽ സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ പി. ടി. ജേക്കബിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു.