സദ്വാർത്ത പ്രത്യേക മീറ്റിംഗും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു.

സദ്വാർത്ത പ്രത്യേക മീറ്റിംഗും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു.

Sadhwartha News Desk

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, സെൻട്രൽ വെസ്റ്റ് റീജിയന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ സദ്വാർത്തയുടെ ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗും വെബ്സൈറ്റ് ഉദ്ഘാടനവും 2026 ജൂൺ 22-ന് വിക്രോളി സഭയിൽ വെച്ച് അനുഗ്രഹീതമായി നടന്നു. യോഗത്തിൽ പാസ്റ്റർ ബിജു തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജിക്സൺ ജെയിംസ് പ്രാരംഭ പ്രാർത്ഥന നിർവഹിച്ച് യോഗത്തിന് തുടക്കം കുറിച്ചു. തുടർന്ന് പാസ്റ്റർ ഷിബു മാത്യു സങ്കീർത്തന വായനയും, പാസ്റ്റർ ബിജു എം. ജിയുടെ പ്രത്യേക പ്രാർത്ഥനയും നടന്നു. സദ്വാർത്തയുടെ പ്രവർത്തനങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് പബ്ലിക്കേഷൻ ഡയറക്ടർ പാസ്റ്റർ ബിജു തങ്കച്ചൻ വിശദീകരണം നൽകി. തുടർന്ന് “ക്രിസ്തീയ എഴുത്തും, ക്രിസ്തീയ എഴുത്തുകാരുടെ സ്വാധീനവും സാമൂഹിക ഉന്നമനത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി സദ്വാർത്ത ചീഫ് എഡിറ്റർ പാസ്റ്റർ മനു കെ. ചാക്കോ സന്ദേശം നൽകി. സദ്വാർത്തയെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമായി വികസിപ്പിക്കുന്നതിന്റെ ആവശ്യകതയും പുതിയ വെബ്സൈറ്റിന്റെ രൂപീകരണ പശ്ചാത്തലവും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ ഓവർസീയർ പാസ്റ്റർ ഇ. പി. സാങ്കുട്ടി ഉദ്ഘാടന പ്രസംഗം നടത്തുകയും സദ്വാർത്തയുടെ ഔദ്യോഗിക വെബ്സൈറ്റ് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സുവിശേഷ പ്രവർത്തനങ്ങൾക്കും സഭയുടെ ആശയവിനിമയ രംഗത്തിനും ഈ ഡിജിറ്റൽ സംരംഭം വലിയ അനുഗ്രഹമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെബ്സൈറ്റിന്റെ രൂപകൽപ്പനയും സാങ്കേതിക വികസനവും നിർവഹിച്ച ബ്രദർ അജീഷ് കോശി, ബ്രദർ അഭിഷേക് ജോൺസൺ എന്നിവരെ ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് ഇവന്ജലിസം ഡയറക്ടർ പാ. എം. പി. ഗൗതം, പാസ്റ്റർമാരായ മാത്യു സാമുവൽ, ഷിൻജു തോമസ്, ജോൺസൺ തോമസ്, ജോൺസൺ ജെ (ഐ.പി.സി. ബോറിവലി), സാം വി . ഡാനിയേൽ, ബ്രദർ ഡി. ജെ. മാർട്ടിൻ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ പോൾ രാജ് നന്ദിപ്രകാശനം നിർവഹിച്ചു. പാസ്റ്റർ പി. ടി. മാത്യുവിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. സദ്വാർത്തയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കൂടുതൽ വായനക്കാരിലേക്ക് എത്തിച്ചേരുന്നതിനും ഈ പ്രത്യേക മീറ്റിംഗും വെബ്സൈറ്റ് ഉദ്ഘാടനവും പുതിയ വഴിത്തിരിവായി മാറി.