ചർച്ച് ഓഫ് ഗോഡ് സൗത്ത് ഡൽഹി ഡിസ്ട്രിക്ട് സംയുക്ത ആരാധനയും അവാർഡ് ദാനവും.
ഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ,സൗത്ത് ഡൽഹി ഡിസ്ട്രിക്ടിന്റെ സംയുക്ത ആരാധനയും, അവാർഡ് ദാനച്ചടങ്ങും സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9:30 മുതൽ ആർ. കെ. പുരം കേരള സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് അനുഗ്രഹീതമായി നടന്നു.
ഡിസ്ട്രിക്ട് പാസ്റ്റർ പാ. റോബിമോൻ പി. ജോഷ്വായുടെ അധ്യക്ഷതയിൽ, പാ. ഫിലിപ്പ് സാം നൈനാന്റെ പ്രാർത്ഥനയോടെയാണ് സഭായോഗം ആരംഭിച്ചു . ബ്ര. ഷിജുവിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ക്വയർ ആത്മീയ ഗാനങ്ങളിലൂടെ അനുഗ്രഹീതമായ ആരാധനയ്ക്ക് നേതൃത്വം നൽകി. പാ. സുജിത് പി. ജോസഫ് സങ്കീർത്തന വായന നിർവഹിക്കുകയും പാ. ഷാജി കെ. ചിറയിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.
മുഖ്യാതിഥിയായി പങ്കെടുത്ത പാ. ബാബു തങ്കച്ചൻ, (പ്രിൻസിപ്പാൾ, മഹനയിം ബൈബിൾ കോളേജ്, മുംബൈ), വെളിപ്പാട് പുസ്തകം 3:7–8 ആധാരമാക്കി ദൈവവചനം ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ സന്ദേശം സമ്മേളനത്തിൽ പങ്കെടുത്ത ദൈവമക്കൾക്ക് ആത്മീയ പ്രചോദനവും ഉണർവും പകർന്നു. പാ. ജേക്കബ് ചെറിയാൻ സന്ദേശത്തിന്റെ പരിഭാഷ നിർവഹിച്ചു.
തുടർന്ന് സൗത്ത് ഡൽഹി ഡിസ്ട്രിക്ടിലെ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ കഴിഞ്ഞ ഒരു വർഷക്കാലം ദൈവം തങ്ങളെ നടത്തിയ വിധങ്ങളെ സാക്ഷ്യപ്പെടുത്തി. ഡിസ്ട്രിക്ടിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ 40 വർഷമായി വിലപ്പെട്ട പിന്തുണ നൽകിയ ബ്ര. ഏബ്രഹാം വർഗീസിനും കുടുംബത്തിനും ഡിസ്ട്രിക്ടിന്റെ ആശംസകളും നന്ദിയും അറിയിച്ചു.
സഹോദരിമാരായ ലൗലി ഷാജി, ഗ്രേസി ദാസ്, ബ്ര. രാജൻ വർഗീസ്, ദൈവദാസന്മാരായ സനു ടി. മാത്യു, അലക്സ് കുട്ടി ജേക്കബ്, പ്രദീപ് എന്നിവർ വിവിധ പ്രാർത്ഥനാ ശുശ്രൂഷകളിൽ നേതൃത്വം നൽകി.
അവാർഡ് ദാനം
ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് സെക്രട്ടറി പാ. ബിനോജി വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ റീജിയൺ തലത്തിൽ നടത്തിയ സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ വിവിധ ക്ലാസുകളിൽ ഡിസ്ട്രിക്ടിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കൂടാതെ, ഈ അധ്യയന വർഷം നടന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഡിസ്ട്രിക്ടിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും നൽകി.
സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയവർ:
- 7-ാം ക്ലാസ്: അരിൻ ബ്ലെസ്സൻ – മയൂർ വിഹാർ
- 9-ാം ക്ലാസ്: അംസി മാത്യു – ബ്രിജ് വിഹാർ
രണ്ടാം സ്ഥാനം നേടിയവർ:
- 2-ാം ക്ലാസ്: ഏനോശ് ബാരേലാൽ – ബ്രിജ് വിഹാർ
- 8-ാം ക്ലാസ്: അക്സ എൽസ സനു – മയൂർ വിഹാർ
- 12-ാം ക്ലാസ്: ഹന്ന ബിനുമോൻ – ബ്രിജ് വിഹാർ
ബോർഡ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർ:
- 12-ാം ക്ലാസ്: ജോഹാന മേരി സാം – ഹൗസ് ഖാസ് ചർച്ച്
- 10-ാം ക്ലാസ്: എലീന എസ്. ജോർജ് – ഹൗസ് ഖാസ് ചർച്ച്
തുടർന്ന് ഡിസ്ട്രിക്ട് സെക്രട്ടറി ബ്ര. സുനിൽ റോബർട്ട് തോമസ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.
പാ. ഷിബു ബേബിയുടെ സമാപന പ്രാർത്ഥനയോടും ഡിസ്ട്രിക്ട് പാസ്റ്റർ പാ. റോബിമോൻ പി. ജോഷ്വായുടെ ആശീർവാദത്തോടും കൂടി ഈ വർഷത്തെ സംയുക്ത സഭായോഗം സമാപിച്ചു. കർത്താവിന്റെ വരവ് താമസിച്ചാൽ അടുത്ത വർഷവും വീണ്ടും ഒന്നിച്ചുകൂടാമെന്ന പ്രത്യാശയോടെ ദൈവമക്കൾ സന്തോഷത്തോടെ തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.